ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന് ജയം. ലണ്ടനിലെ ദ ഓവൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 253 റൺസിന്റെ തകർപ്പൻ ജയമാണ് കിവികൾ സ്വന്തമാക്കിയത്. 463 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 209ന് അവസാനിച്ചു.
ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ 1-1 എന്ന നിലയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി. രണ്ട് ഇന്നിംഗ്സുകളിലായി 11 വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലണ്ട് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ച പേസർ മാറ്റ് ഹെൻറിയാണ് കളിയിലെ താരം. ഒരു ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഒരു ന്യൂസിലൻഡ് ബൗളറുടെ എക്കാലത്തെയും മികച്ച പ്രകടനമാണിത്.
സ്കോർ: ന്യൂസിലൻഡ്: 391 & 362 ഇംഗ്ലണ്ട്: 291 & 209. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഗ്ലെൻ ഫിലിപ്സിന്റെ (100) ഉജ്ജ്വല സെഞ്ചുറി മികവിലാണ് ഒന്നാം ഇന്നിംഗ്സിൽ 391 റൺസ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ 291 റൺസിൽ ഒതുക്കാൻ കിവികൾക്കായി.
100 റൺസിന്റെ നിർണായക ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാമത് ബാറ്റ് ചെയ്ത ന്യൂസിലൻഡ്, ഹെൻറി നിക്കോൾസിന്റെ (121) സെഞ്ചുറി കരുത്തിൽ 362 റൺസ് കൂടി അക്കൗണ്ടിലാക്കി. ഇതോടെ ഇംഗ്ലണ്ടിന് മുന്നിൽ 463 റൺസിന്റെ കൂറ്റൻ വിജയ ലക്ഷ്യമാണ് കിവികൾ വെച്ചുനീട്ടിയത്. വമ്പൻ ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇംഗ്ലണ്ടിന് ന്യൂസിലൻഡ് ബൗളിംഗ് നിരയ്ക്ക് മുന്നിൽ കൃത്യമായ മറുപടിയില്ലായിരുന്നു.
രണ്ടാം ഇന്നിംഗ്സിൽ വെറും 29 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റുകൾ പിഴുത മാറ്റ് ഹെന്റിയാണ് ഇംഗ്ലണ്ടിന്റെ തകർച്ച പൂർത്തിയാക്കിയത്. അർധ സെഞ്ചുറി നേടിയ ജോ റൂട്ട് (77) ഹാരി ബ്രൂക്ക് (58) എന്നിവർ മാത്രമാണ് ഇംഗ്ലീഷ് നിരയിൽ അൽപ്പമെങ്കിലും ചെറുത്തുനിന്നത്.